ബസ് യാത്രയുടെ പകുതിയില്‍ തോന്നിയ ക്ഷീണത്തിനറുതിവരുത്താന്‍ കൂള്‍ബാറില്‍ കയരിയിരിക്കുമ്പോള്‍ എനിക്കറിയാതെ വായില്‍ വന്നത് വെറും ലൈംജൂസിന്‍റെ പേരുമാത്രം. ബാക്കിയുള്ളതിന്‍റെ പേരുകള്‍ അറിയാത്തതുകൊണ്ടല്ല പോക്കെറ്റില്‍ ബാക്കിയായ പണപ്പെരുമ എന്നെ കളിയാക്കുന്നതായിരുന്നു. എന്തായാലും ദാഹമകറ്റാന്‍ ഇതു തന്നെധാരാളം,കൈയില്‍ തൂങ്ങുന്ന ബാഗിന്‍റെ ഭാരം മടുത്തപ്പോള്‍ കൈകള്‍ താനേ അവയെ നിലത്തെത്തിച്ചു.
“ഈ നെര്‍വ്സിസ്റ്റത്തിന്‍റെ ഒരു കാര്യം”.
പുറത്തു തൂങ്ങുന്നലാപ്ടോപ് ഗമയോടെ ഇരിക്കുന്നതതെനിക്ക് പിടിച്ചില്ല അതിനെയും ഞാന്‍ പിടിച്ചിറക്കി. എനിക്ക് വേണ്ടിയുള്ള നാരങ്ങകള്‍ ഇപ്പോള്‍ എന്നെ ശപിച്ചുകൊണ്ടു മിക്സിക്കുള്ളിലേക്ക് ചാടിയിട്ടുണ്ടാകും.പൊതുവേ ആള്‍ത്തിരക്കില്ലാത്തൊരു ഷോപ്പ് നോക്കിയായിരുന്നു ഞാന്‍ കയറിയത്. എങ്കിലും രണ്ടു സ്കൂള്‍ കുട്ടികളും അവരുടെ അമ്മയും എനിക്കരികിലുള്ള ടേബിളിനുച്ചുറ്റുമിരിക്കുന്നുണ്ട്.ഞാനവരെ വെറുതെ നോക്കിയിരുന്നു.
യൂണിഫോമും അവരെക്കാള്‍ വലിയ ബാഗും കണ്ടപ്പോള്‍ എനിക്കൊരു കൗതുകം തോന്നി. ഞാന്‍ വലിയ ആളൊന്നുമല്ല കാരണം ഇതുപോലെത്തന്നെയാണ് ഞാനും പുസ്തകെട്ടുകള്‍ ചുമന്നത്. ബസ്സ്‌സ്റ്റോപ് വരെ അമ്മയാണെനിക്ക് എന്‍റെ പുസ്തകകെട്ടടങ്ങിയ ബാഗു കൊണ്ടുതന്നിരുന്നത് . അതിനും കാരണമുണ്ട് അന്ന് മെലിഞ്ഞു നീണ്ട ഞാനിതു പുറത്തുകയറ്റിയാല്‍ നാട്ടുകാര്‍ എന്നെ നോക്കി സഹതപിക്കും . ഈ സഹതാപം എനിക്കെന്നപോലെ അമ്മയ്ക്കുമിഷ്ട്ടമല്ലായിരുന്നു. കൊള്ളാം ഇപ്പോള്‍ ഇതുക്കാണുമ്പോള്‍ ഒരു ചേലുണ്ട് . അവര്‍ക്ക് മുന്നില്‍ നിരന്ന ഐസ്ക്രീം കൊതിയോടെ കഴിക്കുന്നതും ഞാന്‍ ചുമ്മാതെ നോക്കിയിരുന്നു. എന്‍റെ സ്വന്തം ലൈം ജൂസ് എനിക്ക് മുന്നില്‍ ഇത് വരെ എത്തിയിട്ടില്ല.
“ഇതെന്താ ഇങ്ങനെ ഒരു ലോക്കല്‍ ലൈംജൂസ് ഉണ്ടാക്കാന്‍ ഇത്ര താമസമോ?”
എനിക്ക് നേരെ വീശുന്ന ഫാനിനോടായി പറഞ്ഞു. “എന്താണെന്നറിയില്ല സംഗതി എത്തിപ്പോയി.” ഞാനത് ഒറ്റവലിക്കുത്തന്നെ കുടിച്ചു തീര്‍ത്തു. അപ്പോഴേക്കും ആ അമ്മയും കുട്ടികളും അവരുടെ ഐസ് ക്രീം പാട്ടകള്‍ കാലിയാക്കി കഴിഞ്ഞിരുന്നു .
“ഹേ.. നീരജ് ലുക്ക് ഹിയര്‍...”
“എന്താ മാം “
“ ഇതെന്താ വായിക്കുന്നതെന്നറിയാമോ?”
ചുമരില്‍ കിടിലന്‍ നിറങ്ങളില്‍ പൊട്ടിച്ചിരിക്കുന്ന ഐസ്ക്രീം പരസ്യങ്ങള്‍ നോക്കിയാണ് പറയുന്നതെന്നു കരുതി ഞാന്‍ അവരെ നോക്കി.
ആ ചുമരിനു വെളിയിലായി പെറുക്കിയടുക്കിയ പോലെ എഴുതിട്ട മലയാളവാക്കുകള്‍ അപ്പോഴാണ് ഞാനും ശ്രദ്ധിച്ചത് ഐസ് ക്രീം, ഫ്രഷ് ജൂസ്, ഫലൂദ, കാരറ്റ് ജൂസ്.. എന്നിങ്ങനെ ......
എന്തായാലും ആ അമ്മ മിടുക്കിയാണെന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു.
കുട്ടികളെ കണ്ടാല്‍ ഒരു ഫോര്‍ത്ത് സ്റ്റാന്‍ഡേര്‍ഡിനു മുകളിലാകനേ സാധ്യതയുള്ളു.
“അറിയില്ല..”
“ഐ സ് ക്രീം “
അമ്മ പെറുക്കി പെറുക്കി വായിച്ചുകൊടുത്തു.
“അപ്പോള്‍ ഐസ്ക്രീംന്‍റെ സപെല്ലിംഗ് ഇങ്ങയല്ലലോ?”
“അത് ഇംഗ്ലീഷ്‍ വേര്‍ഡ്, മലയാളത്തില്‍ ഇങ്ങനെയാ എഴുതുക..”
എനിക്കവിടെയിരുന്നു പൊട്ടിച്ചിരിക്കാന്‍ തോന്നി പക്ഷേ ബാക്കിയുള്ളവര്‍ എന്നെപ്പറ്റി എന്ത് കരുതും.
മക്കള്‍, അതായതു ആ മീഡിയം കുട്ടികള്‍ ആവേശത്തോടെ അടുത്ത വാക്കുകള്‍ വായിച്ചെടുക്കാന്‍ അമ്മയ്ക്ക് ചുറ്റിലും കൂടി....
ഒരു കാര്യമെന്തായാലും ഉറപ്പാണ് അവര്‍ക്ക് അറിയാനുള്ള വെമ്പല്‍ നല്ലതിനാണ്, പക്ഷേ അറിയാത്തതും ഇതുവരെ പഠിക്കാത്തതുമായ വെമ്പലോ?!!!!
കാര്യമെന്തായാലും എനിക്കെന്താ... എന്ന വ്യാജേന ഞാനവിടെ നിന്നിറങ്ങി നടന്നു.അപ്പോഴേക്കും നിലത്തിറങ്ങിയ എന്‍റെ ബാഗുകെട്ടുകള്‍ എന്‍റെ കൈയിലും പുറത്തും കയറി കഴിഞ്ഞിരുന്നു.
അടുത്ത ബസിനെ ലക്ഷ്യമാക്കി നടന്നു. ഭാഗ്യം ഒരു കാസര്‍ഗോഡ് ബസ് പോകാന്‍ തയ്യാറെടുത്തു നില്‍ക്കുകയാണ്. ഞാന്‍ ഓടിയതില്‍ കയറിപ്പറ്റി.ബസ് മുന്നോട്ടുകുതിക്കുകയാണ്. എന്‍റെ ബാഗുകെട്ടുകള്‍ ചാടിറങ്ങാന്‍ തുനിയുന്നുണ്ടായിരുന്നു. ഞാനവയെ പിടിച്ചൊതുക്കികൊണ്ട് വിന്‍ഡോ സീറ്റ് നോക്കി മുന്നോട് നടന്നു. പിന്നെയും ഭാഗ്യം, ഒരു വിന്‍ഡോസീറ്റ് മാത്രം കാലിയായി കിടക്കുന്നു. ഞാനവിടെ പെട്ടന്ന്തന്നെ കയറിയിരുന്നു, എന്‍റെ പ്രിയപ്പെട്ട ബാഗുകളെ എനിക്കരികില്‍ തന്നെ പിടിച്ചിരുത്തി. ഇനിയൊരു ഉറക്കമാകാം. നീണ്ട പരീക്ഷക്കൊടുവില്‍ നാടെത്തും വരെ ഉറങ്ങാം. എന്നുകരുതി ടിക്കറ്റ് എടുത്തുകഴിഞ്ഞപ്പോഴാണ് മൊബൈല്‍ റിംഗ് ചെയ്തതു, പോക്കെറ്റില്‍ നിന്ന് ധൃതിയില്‍ എടുത്തപ്പോള്‍വീട്ടില്‍നിന്നമ്മ വിളിക്കുന്നു.
“ ഹലോ എന്താമ്മേ?”
“മോനേ നീ ഇപ്പോള്‍ എവിടെയാ...”
“ഞാന്‍ കണ്ണൂരില്‍...എന്തേ ...”
“വേഗം വാ വീട്ടിലേക്കു... അച്ഛന്‍ വന്നിട്ടുണ്ട്..”
ഞാനൊന്നു ഞെട്ടി
“എപ്പോഴാ വന്നേ ....!!!”
“രാവിലെ വന്നതാ...”
“ഓക്കേ .. ഞാന്‍ വന്നേക്കാം”
മൊബൈലിന്‍റെ ക്യാന്‍സല്‍ ബട്ടണില്‍ വിരല്‍ പതിയുമ്പോള്‍...എന്‍റെ ചെറിയ മനസ്സില്‍ ഹോളിയാഘോഷത്തിന്‍റെ ഘോഷയാത്രയും കലാശകൊട്ടിന്‍റെ ഗതിശബ്ദവും.
കഴിഞ്ഞ രണ്ടുമാസം മുന്‍പ് ലീവ് കഴിഞ്ഞ് അച്ഛന്‍ പോകുമ്പോള്‍ എന്നോട് പറഞ്ഞതതാണ് “ എടാ നീ ഇനിയുള്ള എക്സാമിനെങ്കിലും മര്യാദയ്ക്ക് പഠിചെഴുതു”..
പട്ടാളച്ചിട്ടയില്‍ പിടിചിരുത്തിയ ബാല്യത്തിനും, കമാന്‍ഡുകള്‍ ശ്രവിച്ച കൌമാരത്തിന്‍റെ പകുതിയും, ബോര്‍ഡര്‍തകര്‍ത്തുള്ള ഇപ്പോഴുള്ള പോക്കും എന്നെ ഞാനല്ലതാകിയിരിക്കുന്നു.
എന്താലും എനിക്കെതിരെ അച്ഛന്‍ തോക്കെടുക്കും അതുറപ്പ്.
എന്‍റെ ഉറക്കവും കാവ്യസ്വപ്നങ്ങളും വിന്‍ഡോയില്‍ കൂടി അടിച്ചുകയരിയ ഏതോ കാറ്റ് കൊണ്ടുപ്പോയി.......