അകലെ ആകാശങ്ങള്‍ക്കപ്പുറത്തു നിന്ന് വരുന്ന നിഴൽസഞ്ചാരികളെ, അച്ഛമ്മ എന്‍റെ കഥാക്കൂമ്പാരങ്ങളില്‍ നിറയ്ക്കുമ്പോൾ കേട്ടിരുന്ന ചെവികളെ വിറക്കൊള്ളിച്ചിരുന്നു. അപ്പും,ചീരും പിന്നെ ആട്ടക്കാരി ശാരദേടെ മോ൯ കൊച്ചാപ്പും പേടിക്കണത് കാണുമ്പോൾ അറിയാതെ ഞാനും ഞെട്ടിപോയിട്ടുണ്ട്. വിശാലമായി പടര്‍ന്നു വെളുത്ത തലമുടിയില്‍ തൊടുമ്പോള്‍ അച്ഛമ്മ പതിയെ പറയും "മണിയേ , എന്തിനാ എന്‍റെ മോളൂട്ടീ മുടി പിടിക്കണേ .. അമ്മ കണ്ടാല്‍ .???!!.. അന്നും അച്ഛമ്മയ്ക്ക് എന്‍റെ അമ്മയെ പേടിയായിരുന്നു.
നീണ്ടു വിടര്‍ന്ന കണ്ണുകൾ അപ്പോഴും ഭംഗിയോടെയായിരുന്നു. എന്‍റെ അമ്മയേക്കാൾ സുന്ദരിയായിരുന്നച്ചമ്മ.. പറങ്കിമാങ്ങാ പെറുക്കിയെടുത് ഉപ്പിട്ടുതന്നതിനമ്മ അച്ഛമ്മയെ അച്ഛന്‍ വരുവോളം പറഞ്ഞതെനിക്കിപ്പോഴും കേള്‍ക്കാം . അപ്പും ചീരും എപ്പോഴും അച്ചമ്മേടെ കൂടെ ഉണ്ടാകും . പക്ഷെ ആട്ടക്കാരി ശാരദേടെ മോനെ അച്ചമ്മ്ക്കിഷ്ട്ടീല്ല .. കൊച്ചാപ്പു അച്ചമ്മേടെ വെറ്റിലചെല്ലത്തില്‍ കിടന്ന ചോപ്പന്‍ചുണ്ണാമ്പ് കക്കണത് അമ്മ കണ്ടതാണത്രെ, അത് പിന്നെ അച്ഛനോടും ആട്ടക്കാരി ശാരദയോടും പറഞ്ഞു ബഹളത്തോടു ബഹളമായി .. അപ്പോഴും അച്ഛമ്മ കൊച്ചാപ്പുനെ ഒന്നും പറഞ്ഞിട്ടില്ല.
അച്ചമ്മേടെ കൈയിലെ തടിയ൯ മോതിരം എന്‍റെ കൈവെള്ളയില്‍ വച്ചപ്പോൾ കരയണത് ഞാ൯ കണ്ടതാ !?. "എന്തിനാ അച്ഛമ്മ കരയണതു,?" "ഒന്നൂല്ല മോളൂട്യെ ". .. അതെനിക്കിപ്പോയും അറിയില്ല എന്തിനായിരിക്കും അച്ഛമ്മ കരഞ്ഞിട്ടുണ്ടാവുക ??..
കര്‍ക്കിടകത്തിലെ അറഞ്ചന്‍ മഴയ്ക്ക് ചൂട് ചുക്കുകാപ്പി കുടിക്കുമ്പോഴും അച്ഛമ്മ കരഞ്ഞിരുന്നു, ആരും കാണാതെ കണ്ണ് തുടക്കണത് ഞാ൯ മാത്രമേ കണ്ടിട്ടുണ്ടാവുകായുള്ളൂ. വെളുത്ത അച്ചമ്മേടെ നെറ്റിയില്‍ ചന്ദനക്കുറി ഇടാ൯ ചീരു എപ്പോഴും കലമ്പു കൂടും, മേലെത്തെ കുഞ്ഞിക്കണ്ണന്‍റെ കെട്ടിയോളെ അച്ഛമ്മ വിളിക്കണതു കിക്കിണിപ്പാറൂന്നാ... നല്ല രസാ ആ വിളി കേള്‍ക്കാനെന്ന് പാര്വതിയേട്ടത്തി എപ്പോഴും പറയും അവര്‍ക്കെന്‍റെ അമ്മേടെ സ്വഭാവം തീരെ ഇഷ്ട്ടമാല്ലന്നച്ചമ്മ എന്നോട് മാത്രം പറയുമായിരുന്നു ..
കിഴക്കിലെ സൂര്യ൯ ഉണരുമ്പോഴേക്കും അച്ചമ്മേടെ കുളിയും തേവാരവും കഴിഞ്ഞിട്ടുണ്ടാവും .പിന്നെ പൂജാമുറിയില്‍ കയറി കൊറേ സമയത്തേക്ക് രാമായണം വായനയാണ്.
അച്ഛന് ട്രാന്‍സ്ഫര്‍ കിട്ടിയപ്പോ ഏറെ സന്തോഷിച്ചതമ്മയാണ്. വലിയ വീടും, നീളന്‍ പറമ്പും, പിന്നെയെന്‍റെ അച്ഛമ്മയേയും വിട്ടു വരുമ്പോള്‍ ചീരും അപ്പും കിക്കിണിപ്പാറും ദു։ഖത്തോടെ യാത്ര പറയാന്‍ പടിഞ്ഞാറന്‍ കൊമ്പന്മാവ് വരെ വന്നിരുന്നു .. കരയുന്ന കണ്ണുകള്‍ അപ്പോഴും നനവാര്‍ന്നിരുന്നു വെളുത്തു നീണ്ട തലമുടി അപ്പോഴും എന്‍റെ കൈകള്‍ക്ക് വേണ്ടിയാണോ ഉയര്‍ന്നു പൊങ്ങി എന്നെ നോക്കിയിരുന്നത്?....
നീളന്‍ തീവണ്ടികള്‍ കുതിച്ചോടുമ്പോള്‍ അമ്മയും അച്ഛനും നിദ്രയുടെ ചുരുളന്‍മടയിലേക്ക് വീണിരുന്നു .
ചീരു ഇപ്പോള്‍ അച്ചമ്മേടെ ചൂടന്‍ കമ്പിളിയില്‍ കിടന്നുറങ്ങുകയായിരിക്കാം. വിശാലമായ യാത്രക്കൊടുവില്‍ വണ്ടിയിറങ്ങുമ്പോള്‍ മേഘങ്ങള്‍ കരയാന്‍ വിതുമ്പി നില്‍ക്കുകയായിരുന്നു .
ഓടിക്കയറുന്ന ജീവിതങ്ങള്‍ ,തളര്‍ന്നു വീഴുന്ന സമയക്കോലങ്ങള്‍, അടര്‍ത്തിമാറ്റുന്ന പ്രായഭേദങ്ങള്‍... കളിചിരിയുടെ അന്ത്യനാളുകളില്‍ പെറുക്കിക്കളയുന്ന കടലാസ്സുകൂട്ടത്തില്‍ കണ്ട പഴയ ഫോട്ടോകളില്‍ ചിരിച്ചു നില്‍ക്കുന്ന അച്ചമ്മേടെ മുഖം എന്‍റെ വളര്‍ന്ന മനസ്സില്‍ കയറിയപ്പോള്‍ വളരെ അന്നുവരെ തോന്നാത്ത ഒരുതരം വിമ്മിഷ്ട്ടം. അച്ഛനും അമ്മയും എത്രെയോ തവണ പോയിരിക്കുന്നു അച്ചമ്മേക്കാണാന്‍ , അപ്പോഴൊന്നും എന്നെ കൊണ്ടുപോയില്ല .എക്സാം ,ടൂഷന്‍ ,റിസള്‍ട്ട് എന്നെ സവിതാന്റീടെ വീട്ടില്‍ പിടിച്ചിട്ടു പോകുന്ന പോക്ക് രണ്ടോ മൂന്നോ ദിവസംകൊണ്ട് തിരികെ വരും .
അച്ഛന്റെ ഓഫീസ് ടൈം കഴിഞ്ഞു വന്നപ്പോഴാണ് ഫോണ്‍ബെല്‍ നിറുത്താതെ അടിച്ചത് ഓടി എടുത്തത് ഞാനായിരുന്നു "ഹലോ ...."
"ഹലോ .... കൃഷ്ണചന്ദ്രന്‍റെ വീടല്ലേ? ഞാന്‍ മേലെത്തെ കുഞ്ഞിക്കണ്ണനാ..." അച്ഛാ ഇതാ ഫോണ്‍ . റിസീവര്‍ അച്ഛന്‍റെ കൈയില്‍ കൊടുത്തു നീങ്ങുമ്പോള്‍ അമ്മ ഫോണിനരികിലേക്ക് നീങ്ങിയപ്പോഴാണ് എനിക്ക് ആളെ പിടിക്കിട്ടിയത്, കിക്കിണിപ്പാറൂന്‍റെ ഭര്‍ത്താവ് കുഞ്ഞിക്കണ്ണന്‍ .
പിന്നെ എന്തൊക്കെ നടന്നെന്നെനിക്കൊര്‍മ്മയില്ല !
കുതിച്ചോടിയ യാത്രക്കൊടുവില്‍ ചെന്ന് നിന്നത് ആശുപത്രിടെ നിറഞ്ഞ ആള്‍ത്തിരക്കില്‍.
"എന്താ പറ്റിയെ താമസിക്കാന്‍?" "അതുപിന്നെ ......." അമ്മയുടെ വ്യാക്യാനങ്ങള്‍ക്കൊടുവില്‍ തിരിഞ്ഞു നടന്ന കിക്കിണിപ്പാറുനെ നോക്കിനിന്നുപോയി, മെലിഞ്ഞു കറുത്തുപോയ കിക്കിണിപ്പാറു നടന്നപ്പോള്‍ മാത്രമാണെനിക്കവരെ മനസ്സിലായത്.
അച്ഛമ്മയെ ഐ .സി .യു വില്‍ കയറിക്കാണുമ്പോള്‍ ഓക്സിജന്‍മാസ്ക്കില്‍ നീര് വന്നുവീര്‍ത്ത മുഖം മാത്രമേ കണ്ടുള്ളൂ...???
കരഞ്ഞിറങ്ങിയ എന്നെ ആരോ വന്നു ആശ്വസിപ്പിക്കുമ്പോള്‍ അമ്മ അകലെയുള്ള ജനല്‍കമ്പിയില്‍ തലചാരി നില്‍ക്കുകയായിരുന്നു.
ജീവനില്ലാത്ത മനസുമായി കരഞ്ഞു കലങ്ങിയ കണ്ണുമായി ചെന്ന് നീങ്ങിയത് എന്‍റെ പഴയ ആ കൊമ്പന്മാവിന്‍റെ മുറിച്ചിട്ട ശിഖരങ്ങള്‍ക്കടുത്ത്.
പൊട്ടികരച്ചില്‍ കേള്‍ക്കാത്ത മരണവീട്ടില്‍ ഏങ്ങലടിക്കുന്ന ചുവരുകളും വിതുമ്പിക്കരയുന്ന കല്പടവുകളും മാത്രം. വെള്ളയില്‍ പൊതിഞ്ഞ അച്ഛമ്മയെ കോടിമൂടുമ്പോൾ ചിതരിക്കളിക്കുന്ന വെളുത്ത മുടിനാരുകള്‍ എന്നെ ഒളിച്ചുനോക്കിയിരുന്നു .
എന്‍റെ കൈയികളെ അവ വീണ്ടും മാടി വിളിക്കയാണ് .....
തെക്കുവശത്തെ ജാതിമരത്തിനടുത്തു ദഹിച്ചു തീരുമ്പോള്‍ ആ മുടിയിഴകള്‍ എന്‍റെ കൈകള്‍ക്കായി കൊതിച്ചിട്ടുണ്ടാവം.
കൈയിലെ തടിച്ച മോതിരം പിന്നെ കണ്ടതേയില്ല....
അച്ചമ്മേടെ മുറിക്കുള്ളില്‍ അപ്പോഴും ചീരും കരഞ്ഞുകൊണ്ടേയിരുന്നു...