Monday, July 26, 2010

കനല്‍ തെളിയാത്ത അടുപ്പുകള്‍

വിരൂപത കാണാത്ത രാവെനിക്കിഷ്ടമാണ്,
നീളന്‍ കരിമ്പടത്തില്‍ കിടന്നുറങ്ങുന്ന സ്വപ്‌നങ്ങള്‍
എനിക്ക് ചുറ്റിലും ഭീകരതയുടെ കണ്ണുകള്‍ തുറക്കുന്നു.
വയ്യ എനിക്കിനി നിന്നെ കാണുവാന്‍ വയ്യ?!....
താരങ്ങള്‍ കണ്ണ് തുറക്കാത്ത വാനം ഉണരുമ്പോള്‍
ഞാനീ ഭൂവിന്‍റെ ഇരുട്ടറകളില്‍ നിദ്രയുടെ കമ്പളത്തില്‍ അലിഞ്ഞു ചേരും.
ഇനിയും കാണാത്ത ലോകത്തിലേക്ക്‌ എന്‍റെ യാത്ര......
വികാരമില്ലാത്ത, സ്വപ്നങ്ങളില്ലാത്ത,ചിരികളില്ലാത്ത,നിറങ്ങളില്ലാത്ത
ഏതോ ലോകത്തിലേക്ക്‌ എന്‍റെ യാത്ര .....
നിശ്വാസത്തിന്റെ വിയര്‍പ്പു പറ്റിയ പൊട്ടിയ കണ്ണാടി
എന്‍റെ ഇരുണ്ട നാല് ചുവരുകള്‍ക്കുള്ളില്‍ തനിച്ചു മയങ്ങുകയായിരിക്കാം...
ഒരിക്കലും പൂവിടാത്ത പനിനീര്‍ ചെടി ശലഭങ്ങളെ തേടുകയായിരിക്കാം...
കണ്ണ് ചിമ്മിമയങ്ങുന്ന മൂട്ടവിളക്ക് ചരല്‍ വീണ വഴിയിലേക്ക് കണ്ണ് തുറക്കുകയായിരിക്കാം..
തുരുമ്പ് പറ്റിയ താക്കോല്‍ കൂട്ടങ്ങള്‍ വീണ്ടുമെന്റെ നേര്‍ക്ക്‌
അനന്തതയുടെ താക്കോല്‍ പഴുതുകള്‍ നീട്ടുന്നു......
നിറമില്ലാത്ത നിലാവേ,
സ്വരമില്ലാത്ത കുഴല്‍ പാടുന്നു, വീണ്ടുമെന്റെ കറപറ്റിയ ജീവിതങ്ങളെ ...
ഞാനെന്‍റെ സ്വപ്നങ്ങളെ അകറ്റുന്നു അകലങ്ങളിലേക്ക്..
കനല്‍ തെളിയാത്ത അടുപ്പുകള്‍ കരയുന്നെന്റെ,
അലയുന്ന ജീവിതം കണ്ടിട്ടെന്നപോലെ..
ഞാനുമിന്നീ കനല്‍ തെളിയാത്ത അടുപ്പല്ലയോ?
വികാരമില്ലാത്ത, സ്വപ്നങ്ങളില്ലാത്ത,ചിരികളില്ലാത്ത,നിറങ്ങളില്ലാത്ത
ലോകത്തില്‍ കരയുന്ന കനല്‍ തെളിയാത്ത അടുപ്പ്....

[വി.കെ.പി മംഗര]

No comments:

Post a Comment