നീറിപുകയുന്ന മനുഷ്യശരീരത്തിന്‍റെ വിങ്ങലണിഞ്ഞ ഗന്ധമെന്‍റെ മൂക്കിനപരിചിതമല്ല. വിറങ്ങലേറ്റ മാവിന്‍ മുകളില്‍ കരഞ്ഞു കടിപിടിക്കൂട്ടുന്ന വവ്വാല്‍ കൂട്ടങ്ങളെ മാത്രമാണെനിക്ക് പേടി. ഇന്ന് വൈകുന്നേരം ദഹിച്ച മെല്ലിച്ച സ്ത്രീയുടെ നീണ്ട തലമുടി മനസിനെ വീണ്ടും വീണ്ടും മുട്ടിവിളിക്കുന്നു , "ആരാണവര്‍? എത്രെയോ നിര്‍ജീവ ദേഹങ്ങളെ കത്തിച്ചിരിക്കുന്നു! എങ്കിലും ഇത് , ഹോ വയ്യ!! ഒന്നുകൂടി ഇളക്കിമറിച്ചു കത്തിച്ചിവളെ മുഴുവനായും ഇല്ലാതാക്കാം. ഇവിടെ നിന്നകറ്റാ൦ പക്ഷെ മനസ്സില്‍ നിന്നോ? ഓര്‍മ്മകള്‍ ഇതുപോലെ കത്തിത്തീരുമെങ്കില്‍?!"
"ഇന്നും പതിവുപോലെ വവ്വല്‍ക്കൂട്ടങ്ങള്‍ എന്നെ പേടിപ്പെടുത്തും ,നശിച്ചവ ഇവയെ മൊത്തം ഞാന്‍ ഒരിക്കല്‍ ദഹിപ്പിക്കും "
കറുത്തമേഘങ്ങള്‍ ഒന്നിക്കുമ്പോള്‍ നിഴലുകള്‍ ഇല്ലാതാകും ഈ സമയമാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്.
"ഹോ ഇന്നും തുടങ്ങിയല്ലോ നശിച്ച ശബ്ദങ്ങള്‍ " തുരുമ്പിച്ച ഓര്‍മകളില്‍ നിന്നും അട്ടഹാസങ്ങളില്‍ നിന്നും ഒരറുതി തേടി ഇവിടെ വന്നു എന്തു ചെയ്യാം!!!? "
ശ്വാസമുള്ള ആത്മാക്കളാണ് ഈ വവ്വാലുകള്‍ ഇവയ്ക്കു ആരെയും പേടിക്കേണ്ടതില്ല . ഈ ലോകമെനിക്കിപ്പോള്‍, പകലണയും വരെ നിശബ്ദമാണ് .നാലോ ആറോ കാലടികള്‍ക്ക് മീതെ വന്നടിയുന്ന ദേഹങ്ങളെ അഗ്നിയ്ക്ക് കൊടുക്കുമ്പോള്‍ ജ്വാലകള്‍ എന്നോട് അട്ടഹസിച്ചുകൊണ്ട് നന്ദിപറയും . തീജ്വാലകളുടെ പൊട്ടിച്ചിരികളില്‍ ഞാന്‍ കണ്ണീര്‍ വീഴ്ത്താറില്ല.
എന്‍റെ കൈകളിലെ നീളന്‍ വടിയും, ബാധയേറ്റു പിടയുന്ന അഗ്നിയും കത്തിയമരുന്ന ദേഹവും ഞാനും മാത്രം.എങ്കിലും പകല്‍ ദഹിക്കുമ്പോള്‍ എനിക്ക് പേടിയാണ്, ഈ വവ്വാല്‍ക്കൂട്ടങ്ങള്‍ അലറിവിളിക്കും. ഒറ്റയാന്‍ മാവിന്‍റെ കിഴക്കന്‍ക്കൊമ്പില്‍ തൂങ്ങിയാടുന്ന ഇവ പകലെന്നെപ്പോലെ നിശബ്ദമാണ്.
ഇനിയും വരുമെന്റെ കൈകള്‍ തേടി ചലനമില്ലാത്ത മനുഷഗണങ്ങള്‍. നീളന്‍ രാത്രികളില്‍ നിശബ്ദ ആത്മാക്കള്‍ എനിക്ക് കൂട്ടായിവരും അവ എനിക്ക് ചുറ്റും നിറമിഴിയോടിരിക്കും ഞാനപ്പോഴും അവരെ നോക്കി ചിരിക്കും ഗതികിട്ടാത്ത ജീവനുള്ള ആത്മാവായി .
No comments:
Post a Comment