Monday, December 20, 2010

അറിയാത്തത്.....

ശാന്തമായ രാവെന്നെ വിളിക്കുന്നു,
വീണ്ടുമാ നിദ്രയുടെ പുതപ്പു പുതയ്ക്കാന്‍.
നിലാവിനു പ്രണയിക്കാന്‍ രാവു വന്നെത്തുമ്പോൾ
നിശാഗന്ധിയുടെ വിലാപമെന്നിൽ,
വീണ്ടുമേതോ നിശബദ്ധഗാനമേകുന്നു.
അറിയുമോ...???
കരള്‍ ‍പിടയുന്ന നൊമ്പരങ്ങളെ....
ഞാനറിയുന്ന സ്വപ്‌നങ്ങൾ‍ പറന്നകലുന്നതും.
ഞാനിറുത്ത പനിനീര്‍പൂവുകൾ-
പാണിസ്പർ‍ശമേല്ക്കാതെ ഇതളടരുന്നതും.
സ്വരങ്ങളിണകലർ‍ന്നകലുന്ന ഓളങ്ങളും.
എഴുത്തേറ്റു പിടഞ്ഞിളകുന്ന,
താളുകളെന്നെ നോക്കി ഹസിക്കുന്നതും,
പരിഹസിക്കുന്നതും..????
പിടഞ്ഞേറ്റുപായുന്ന സന്തോഷങ്ങളെ ,
നിങ്ങളെ പിടിച്ചിരുത്താനെനിക്കാവില്ലലോ....
സ്വപ്നങ്ങളെ കൂട്ടിലേക്കയക്കുന്ന സരസനിമിഷങ്ങളെ..
നിനക്കറിയില്ലയോ എന്‍റെ നിറങ്ങളില്ലാത്ത ലോകത്തെ...!
അറിയാത്തതെന്തേ.. ജീവിതമേ ,
എന്‍റെ വിലങ്ങണിഞ്ഞ ഹൃദയത്തെ..????

Tuesday, November 16, 2010

CiPhEr pRAnAyAm

പ്രോട്ടോകോള്‍സ് എന്‍റെ മെസ്സേജുകളെ തടയുമ്പോള്‍
പ്രണയത്തിന്‍റെ plaintext -നെ
ഞാന്‍ മൌനംകൊണ്ട് encipher ചെയ്തു.
അതില്‍ പബ്ലിക്‌ കീകള്‍ ,
എന്‍റെ ഫ്രെണ്ട്സ് ആയിരുന്നു.
സീക്രെട്ട്കീ എന്‍റെ ഹൃദയവും.
എന്നാല്‍ ഈ മെസ്സേജിനെ decipher
ചെയ്തവള്‍ക്കെന്‍റെ സീക്രെട്ട്കീയുടെ
place അറിയാതെ പോയി.
സിഫെര്‍ ചെയ്തയെന്‍റെ ഹൃദയമിടിപ്പുകളെ
ഞാന്‍ ഹൃദയകെട്ടിലെ ശൂന്യമായ,
വേദനയുടെ മെമ്മറിയില്‍ സൂക്ഷിക്കാം.

Tuesday, October 26, 2010

ഉറക്കം,ലക്ഷ്യം.

രാവിലെ നടക്കാനിറങ്ങിയപ്പോള്‍
വള്ളി കാലില്‍ചുറ്റി.
തടിച്ചുരുണ്ട നീളന്‍വള്ളി.
അരികിലെ കല്ലില്‍ കത്തിരാകിയ പാട്.
വിയര്‍ത്തു വിടര്‍ന്ന മുല്ലക്കുമേല്‍,
രക്തക്കറയുടെ ചിത്രരേഖ.
കാല്കീഴിലെ തൊട്ടാവാടി തലതാഴ്ത്തിയുറങ്ങി.
പാതയുറക്കമാണ്...!!!!!???
കാലടികള്‍ക്ക്, എത്ര അകെലെയാണ്
എന്‍റെ ലക്ഷ്യം??
കണ്ണുകള്‍ക്ക്‌, എത്ര ദൃഷ്ട്ടിക്കപ്പുറത്താണ്,
എന്‍റെ ലക്ഷ്യം??
നിര്‍ജീവമായ വടവൃക്ഷത്തിനുമേല്‍
തൂങ്ങിയാടുന്ന വവ്വാല്‍ കൂട്ടം.
ഗര്‍ത്തമായ നിദ്രയില്‍ ,
ചിതറിവീണ സ്വപ്നത്തുണ്ടുകളെന്‍
നിശ്വാസമേറ്റു പറന്നിടുമ്പോള്‍-
ഞാന്‍ വീണ്ടുമെന്‍ കാരാഗൃഹത്തിന്‍
ഇരുണ്ടമൂലയില്‍ കാത്തിരിപ്പൂ
നാളയുടെ ഉണര്‍ന്ന ഉഷസിനായി..

Monday, October 25, 2010

ഓഫര്‍

കാലനെ പേടിച്ചു ഒളിച്ചുവച്ച
മൊബൈല്‍ ഫോണ്‍സ്വിച്ച് ഓണ്‍ ചെയ്യുമ്പോള്‍
വിരലുകള്‍ തമ്മില്‍ പറയുന്നുണ്ടായിരുന്നു...
"വിഡ്ഢി..."
മിസ്സിഡ്‌കോള്‍ അലെര്‍ട്ടില്‍ തെളിഞ്ഞുകിടക്കുന്ന
നമ്പര്‍ മുഴുവന്‍ അവെന്റെതായിരുന്നു
എന്‍റെ മരണത്തിന്‍റെ.............!!!!!!
അതിനെല്ലാം താഴെ ദൈവത്തിന്റെ വിളി..
പിന്നെ ഒരുകെട്ട്‌ ഓഫര്‍ മെസ്സേജ്കൊണ്ട്
ഇന്‍ബോക്സ്‌ നിറഞ്ഞു കിടക്കുന്നു..
മെസ്സേജ് ഓപ്പണ്‍ ചെയ്തപ്പോഴാണ് കാലന്‍റെ കോള്‍ വന്നത്
മെസ്സേജ് വായിച്ചെടുക്കാന്‍ പറ്റിയില്ല
ഞാന്‍ കോള്‍ ആന്‍സര്‍ ചെയ്തു...
"ഹായി നിങ്ങള്‍ക്കായി ഇതാ ഒരു സൂപ്പര്‍ബംബര്‍ ഓഫര്‍
സ്വയംഹത്യ ചെയ്യുന്നവര്‍ക്ക് life-time ടോക്ക് ടൈം ഫ്രീ....
വേഗമാകെട്ടെ.....
ഈ ഓഫര്‍ ആക്റ്റിവേറ്റ് ചെയ്യാന്‍ 1 അമര്‍ത്തുക......"
ഞാന്‍ 1 അമര്‍ത്തി ചിരിച്ചു..
യമലോകത്തെതിയപ്പോള്‍ അവിടെയും ഓഫര്‍......
"സെക്കണ്ട്പള്‍സ് ......STD മെസ്സേജ്ഓഫര്‍...........
ഫ്രണ്ട്സ് ആന്‍ഡ്‌ഫാമിലി ഓഫര്‍..... ഫ്രീ 2GB GPRS"
ഞാന്‍ അവിടെ നിന്നും dualsim മൊബൈല്‍ ഒന്നുകൂടി വാങ്ങിനടന്നു..........

Saturday, October 2, 2010

MAHATHMA...




ഇതെന്‍റെ ബാപ്പുജി
ഇതെന്‍റെ ഗാന്ധിജി
ഇതെന്‍റെ മഹാത്മാവ്
ഇതെന്‍റെ ഭാരതം....
ഹിംസക്കുമേല്‍ ഒറ്റയാള്‍ പോരാട്ടമായി
അഹിംസതന്‍ വിജയഭേരി മുഴങ്ങുമ്പോള്‍
അറിയുന്നു ഇന്നെന്‍റെ ഭാരതത്തിന്‍ ചെയ്തികള്‍
ഒരൊറ്റമതം ഒരൊറ്റജനത ഒരൊറ്റഗ്രാമം
ജയ്ഹിന്ദ്‌ ...........

Friday, September 24, 2010

STEPS.

ഞങ്ങളുടെ ഹ്രസ്വചിത്രമായ "സ്റ്റെപ്സിനെ" കുറിച്ചെഴുതിയ എഴുതിയ... കവിതയാണ്...


നീ നിന്‍റെ പാദങ്ങളെ കുളിപ്പിച്ച് പാതയിലലയുന്നുവോ?
നീ നിന്‍റെ കാലങ്ങളെ വീണ്ടുമെന്‍റെ മുന്നിലൂടെ തെളിക്കുന്നുവോ
ഞാന്‍ നിന്‍റെയമ്മ നിന്നെ പാലൂട്ടി ,പിച്ചവപ്പിച്ചവള്‍
നീ നിന്‍റെ പാദങ്ങളെ ഈ ഉമ്മറപ്പടിയിലൂടൊന്നുതെളിക്കൂ..
അറിയുന്നുവോ നീ നിന്‍റെ ശാന്തമാം ശൈശവം
കാപട്യമില്ലാത്തമില്ലാത്ത ബാല്യം ......
തുള്ളിക്കളിച്ചു കൊണ്ട് ഓടിതളരാത്തബാല്യവും പേറിനീ എങ്ങുപോയി?
അറിഞ്ഞില്ല ഞാനെന്നുണ്ണിയേ നിന്നെ!!!.....
നിന്‍റെ ലഹരിതന്‍ പുകമണചുരുളുകള്‍ ഉറങ്ങാത്ത രാവുംപകലും..
നീ തേടിയലയുന്നതെന്തു,ഇന്‍റെര്‍നെറ്റിനുള്ളില്‍ നീ അറിയാതതെന്തു???
അടയുന്നു നിന്‍റെ കൌമാരവാതില്‍....
കാണുന്നു ഉയരങ്ങളിലേക്കുള്ള നിന്‍റെ മുന്നിലെ പടികലോരോന്നും
കയറി നടപ്പതിനെന്‍മകനെ നിനക്ക് നിന്‍ മുന്നിലെ പടികളില്‍
എന്‍റെ വാക്കുകള്‍ നിന്‍റെ കര്‍ണ്ണങ്ങളെ ബധിരനാക്കിലോ?
തുറക്കാം നിനക്കു നിന്‍ കാലത്തിന്‍ യൗവനവാതില്‍.....
നല്ലനടപ്പുകള്‍ മറക്കിലോ ഉണ്ണി ,
നിന്‍റെ ലഹരിക്കിടയിലെങ്കിലും കാണുന്നു
നിന്നരികിലെ ദര്‍പ്പണത്തില്‍ നിന്‍റെ മയങ്ങിയലിയുന്ന വികൃതമാം ലഹരിയൌവനം അറിയുന്നതില്ലേയുണ്ണി നിന്‍റെ സമയപട്ടികയിലെ കാലമാം വാതില്‍ അടയുന്നതൊന്നും..??? ലഹരികള്‍പൂക്കുന്ന, ലഹരികളുങ്ങാത്ത പടികളിലൂടെ നീ വീണ്ടും കയറുന്നുവോ??? അറിയുന്നതില്ലേയുണ്ണി നീ കയറിയ പടിക്കെട്ടുകള്‍ ജീവിതത്തിന്‍ കാലങ്ങളാനെന്നു??
നിന്‍റെ കയറ്റുപടികള്‍ തീരുന്നുനിന്‍ ശൂന്യമാം ലോകത്തു...
നിന്‍റെ ജീവിതവാതിലുകള്‍ അടയുന്നീ
ലഹരികള്‍ത്തകര്‍ത്താടുന്ന അന്ത്യത്തില്‍
പടികെട്ടുകളില്ല,തുറക്കുന്നവാതിലുകളില്ല
ജീവിതം താനേ ഗര്‍ത്തത്തിലേക്ക് വീഴിലോ..???
ഞെട്ടിയുണരുന്നുവോ? ഈ ഭീകരനിത്യസത്യത്തെ നീ സ്വയമറിഞ്ഞുകൊണ്ട് ...
ഇനിനിനക്ക് ചവിട്ടിക്കയറാം നേരിന്‍റെപടികള്‍ ഇരുട്ടില്ലാത്തപ്പടികള്‍ ......
നിനക്കുതുറക്കാം പുകമറയില്ലാത്ത മുറികള്‍......




View STEPS..Click here

Saturday, September 4, 2010

ഗണം [ കവിത ]

വിശാലമായ കാഴ്ചകള്‍ പലതവണ മനസിനെ വേദനിപ്പിച്ചിട്ടുണ്ട്
ശൂന്യതയില്‍ നിന്നുള്ള തുടക്കം കൊണ്ടെത്തിക്കുന്നത് വികൃതമായ
വഴിയിലാകുമ്പോള്‍ വേദനകള്‍ മനസിന്‍റെ ഇരുട്ടറകളില്‍ ഒളിച്ചിരുന്ന്ചിരിക്കും അല്ലെങ്കിലവ കരയും .
ഇന്നലെ ,പകലില്‍ ഞാന്‍ പുറപ്പെടുമ്പോള്‍ കുന്നുകള്‍ തലയുയര്‍ത്തി നിന്നിരുന്നു
പകലിന്‍റെ പക്കല്‍നിന്നും അടത്തിമാറ്റിയ ഇവയ്ക്കു മീതെ അട്ടഹസിക്കുന്ന കോണ്‍ക്രീറ്റ് ബിംബങ്ങള്‍.
പിടിച്ച് കൈപിടിച്ച് കൈവച്ച തലകള്‍ കൈകളാല്‍ അരിഞ്ഞു വീഴ്ത്തുന്ന നരഭോജികളാമെന്‍റെ ഗണം.
നിന്‍റെ പാണികള്‍ നീളുന്നു വീണ്ടുമാ പറയിക്കഥയിലെ പണക്കിഴികള്‍ക്ക് വേണ്ടി.
അറിയില്ല, നീയൊരു മനുഷ്യപുഴുവെന്ന സത്യം.
കാണുന്നില്ല നീ നിന്‍റെ കലിയേറ്റ ഹൃദയത്തെ.??
നിന്‍റെ കൈവണ്ടികള്‍ നീങ്ങുന്നു മണലൂറ്റുമീ ശോഷിച്ചപുഴയ്ക്കുമേല്‍
നരപറ്റി മരണം വരിക്കാത്ത നിലങ്ങളില്‍ നിന്‍റെ വിഷവിത്തുകള്‍ പാകി മുളപ്പിക്കയല്ലോ?
തലതാഴ്ത്തി തരംപ്പറ്റി തലയുയര്‍ത്തി എന്‍റെ കല്പ്പവൃക്ഷങ്ങളെ പിഴുതെറിയുന്ന യന്ത്രകൈകളെ
നാളെ എന്‍റെ ഈ കൈകള്‍ നിനക്കുമേല്‍ പതിച്ചേക്കാം .!!!
നീയും ഞാനും ഒരു ഗണമെന്നു ചൊല്ലുന്നവന്‍റെ കണ്ണില്‍ ഒലിച്ചിറങ്ങുന്ന
ഉപ്പില്ലാത്ത കണ്ണീര്‍ ആര്‍ത്തിയോടെ കുടിച്ചിറക്കുന്ന വലിയവന്‍,
മനുഷ്യഗണമെന്നു പറഞ്ഞാല്‍ പൊട്ടിച്ചിരികും ഞാന്‍ ഇന്നിനെ നോക്കി പൊട്ടിച്ചിരിക്കും
കൂട്ടമോടെത്തി ഇലകാര്‍ന്നു തിന്നും നശിച്ച പുഴുജന്മാം നീയടങ്ങുന്ന ഗണം.!!!
നിന്‍റെ മുറിപ്പാടില്‍ നിന്നുണരുന്ന രക്തത്തുള്ളികള്‍ വിപ്ലവത്തിന്‍റെ കറുത്ത കറകള്‍ മാത്രം
നീ തെളിക്കാത്ത നീ അറിയാത്ത വിപ്ലവത്തിന്‍ കറകള്‍ .

Friday, August 27, 2010

മലയാളി മറക്കുന്ന മലരുകള്‍

ഇതൊരു ഓര്‍മ്മപ്പെടുത്തലാണ്, ഞാന്‍ കണ്ട ഓണപ്പൂക്കളങ്ങളില്‍ കാണാത്ത പൂക്കള്‍ . നിങ്ങള്‍ നടക്കുന്ന പാതയോരങ്ങളില്‍ ഇവയെ കണ്ടേക്കാം. വെറുക്കരുത് വെറുതെ ഒന്ന് നോക്കു....


തുമ്പ

മുക്കുറ്റി

ചെമ്പരത്തി


കൊങ്ങിണി/അരിപ്പൂവ്


കണ്നാന്തളിര്‍ പൂവ്


കോളാമ്പി

കമ്മല്‍പ്പൂവ്

മന്ദാരം

ശംഖുപുഷ്പ്പം


അശോകം



ദശപുഷ്പ്പ൦

1.പൂവാങ്കുറുന്തൽ / പൂവാം‌കുരുന്നില - Vernonia cinerea


2.മുയൽചെവിയൻ. - Emilia sonchifolia



3.മുക്കുറ്റി. Biophytum sensitivum


4.കയ്യോന്നി/കയ്യുണ്യം. Eclipta alba

5. കറുക Cynodon dactylon

6. ചെറൂള Aerva lanata

7. നിലപ്പന - Curculigo orchioides

8. ഉഴിഞ്ഞ - Cardiospermum halicacabum

9. വിഷ്ണുക്രാന്തി / കൃഷ്ണക്രാന്തി. - Evolvulus alsinoides

10. തിരുതാളി. - ipomoea sepiaria

Sunday, August 22, 2010

ശ്വാസമുള്ള ആത്മാക്കള്‍

നീറിപുകയുന്ന മനുഷ്യശരീരത്തിന്‍റെ വിങ്ങലണിഞ്ഞ ഗന്ധമെന്‍റെ മൂക്കിനപരിചിതമല്ല. വിറങ്ങലേറ്റ മാവിന്‍ മുകളില്‍ കരഞ്ഞു കടിപിടിക്കൂട്ടുന്ന വവ്വാല്‍ കൂട്ടങ്ങളെ മാത്രമാണെനിക്ക് പേടി. ഇന്ന് വൈകുന്നേരം ദഹിച്ച മെല്ലിച്ച സ്ത്രീയുടെ നീണ്ട തലമുടി മനസിനെ വീണ്ടും വീണ്ടും മുട്ടിവിളിക്കുന്നു , "ആരാണവര്‍? എത്രെയോ നിര്‍ജീവ ദേഹങ്ങളെ കത്തിച്ചിരിക്കുന്നു! എങ്കിലും ഇത് , ഹോ വയ്യ!! ഒന്നുകൂടി ഇളക്കിമറിച്ചു കത്തിച്ചിവളെ മുഴുവനായും ഇല്ലാതാക്കാം. ഇവിടെ നിന്നകറ്റാ൦ പക്ഷെ മനസ്സില്‍ നിന്നോ? ഓര്‍മ്മകള്‍ ഇതുപോലെ കത്തിത്തീരുമെങ്കില്‍?!"
"ഇന്നും പതിവുപോലെ വവ്വല്‍ക്കൂട്ടങ്ങള്‍ എന്നെ പേടിപ്പെടുത്തും ,നശിച്ചവ ഇവയെ മൊത്തം ഞാന്‍ ഒരിക്കല്‍ ദഹിപ്പിക്കും "
കറുത്തമേഘങ്ങള്‍ ഒന്നിക്കുമ്പോള്‍ നിഴലുകള്‍ ഇല്ലാതാകും ഈ സമയമാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്.
"ഹോ ഇന്നും തുടങ്ങിയല്ലോ നശിച്ച ശബ്ദങ്ങള്‍ " തുരുമ്പിച്ച ഓര്‍മകളില്‍ നിന്നും അട്ടഹാസങ്ങളില്‍ നിന്നും ഒരറുതി തേടി ഇവിടെ വന്നു എന്തു ചെയ്യാം!!!? "
ശ്വാസമുള്ള ആത്മാക്കളാണ് ഈ വവ്വാലുകള്‍ ഇവയ്ക്കു ആരെയും പേടിക്കേണ്ടതില്ല . ഈ ലോകമെനിക്കിപ്പോള്‍, പകലണയും വരെ നിശബ്ദമാണ് .നാലോ ആറോ കാലടികള്‍ക്ക് മീതെ വന്നടിയുന്ന ദേഹങ്ങളെ അഗ്നിയ്ക്ക് കൊടുക്കുമ്പോള്‍ ജ്വാലകള്‍ എന്നോട് അട്ടഹസിച്ചുകൊണ്ട് നന്ദിപറയും . തീജ്വാലകളുടെ പൊട്ടിച്ചിരികളില്‍ ഞാന്‍ കണ്ണീര്‍ വീഴ്ത്താറില്ല.
എന്‍റെ കൈകളിലെ നീളന്‍ വടിയും, ബാധയേറ്റു പിടയുന്ന അഗ്നിയും കത്തിയമരുന്ന ദേഹവും ഞാനും മാത്രം.എങ്കിലും പകല്‍ ദഹിക്കുമ്പോള്‍ എനിക്ക് പേടിയാണ്, ഈ വവ്വാല്‍ക്കൂട്ടങ്ങള്‍ അലറിവിളിക്കും. ഒറ്റയാന്‍ മാവിന്‍റെ കിഴക്കന്‍ക്കൊമ്പില്‍ തൂങ്ങിയാടുന്ന ഇവ പകലെന്നെപ്പോലെ നിശബ്ദമാണ്.
ഇനിയും വരുമെന്റെ കൈകള്‍ തേടി ചലനമില്ലാത്ത മനുഷഗണങ്ങള്‍. നീളന്‍ രാത്രികളില്‍ നിശബ്ദ ആത്മാക്കള്‍ എനിക്ക് കൂട്ടായിവരും അവ എനിക്ക് ചുറ്റും നിറമിഴിയോടിരിക്കും ഞാനപ്പോഴും അവരെ നോക്കി ചിരിക്കും ഗതികിട്ടാത്ത ജീവനുള്ള ആത്മാവായി .

Saturday, August 7, 2010

സഹയാത്രികന്‍

പൊട്ടികരയുന്ന മേഘങ്ങള്‍ക്ക് താഴെ കുടപിടിച്ച് നിന്ന എന്നെ മറികടന്നു പോയിനിന്ന ബസില്‍ ചാടിക്കയറുമ്പോള്‍ വാലറ്റക്കാരന്‍ കിളി ഡബിള്‍ ബെല്ലടിച്ചു. വെറുതെ സൂക്ഷ്മമായി കിളിയെ നോക്കി ഞാന്‍ സീറ്റിലിരുന്നു "ശവം, മഴയെത്തും ഇവനൊക്കെ എങ്ങോട്ടാ ഇത്ര തിടുക്കം" മനസല്‍ പറഞ്ഞു. നനഞ്ഞ കുടയെ മാറ്റിവച്ച് , ഞാന്‍ അടുത്തിരുന്ന അയാളെ നോക്കി. പിന്നെ ടിക്കെട്ടെടുത്തുകൊണ്ട് നിവര്‍ന്നിരുന്നു." ഈ ബസ്‌ 12 മണിയാകുമ്പോള്‍ കണ്ണൂരില്‍ എത്തുമായിരിക്കും അല്ലെ?" എന്‍റെ നിശബ്ദതതെയെ മുറിച്ച അയാള്‍ ചോദിച്ചു. എന്‍റെ കണ്ണുകളെ ആ ചോദ്യം വാച്ചിലെത്തിച്ചു.
" ഓ 12 നു മുന്‍പായി എത്തുമായിരിക്കും" എന്‍റെ കുറിയന്‍ വാക്കുകള്‍ അയാളുടെ കാതുകളില്‍ എത്തിയോ എന്തോ? ഞാന്‍ വീണ്ടും നിശബ്ദ്തനായി ...
"എന്താ ചെയ്യുന്നേ പഠിക്കയാണോ"
"ശല്യം ആകെ കിട്ടുന്ന സമയമാണ്, യാത്ര ടൈം "ഞാന്‍ പിറുപിറുത്തു
"അതെ പഠിക്കുന്നു"
"എന്തിനാ?" എന്‍റെ വാക്ക് മുറിഞ്ഞു തീരും മുന്‍പേ അടുത്ത ചോദ്യം
" ബി-ടെക്കിനാ"
"ഓഹോ എവിടെയാ...?, ഏതാ ബ്രാഞ്ച് ?" ഞാന്‍ കോളേജും ബ്രാഞ്ചും പറഞ്ഞുകൊണ്ടയാളെ നോക്കി
അന്‍പതിനു മുകളില്‍ പ്രായം തോന്നും ഒളിച്ചുക്കളിക്കുന്ന നരകള്‍ കറുപ്പുകൊണ്ടു മറച്ചിട്ടില്ല..
കൈയില്‍ നീളന്‍ ലെതര്‍ ബാഗ്‌.
"എനിക്ക് 12 മണിക്ക് ഡോക്ടര്‍ രവീന്ദ്രന്‍റെ ക്ലിനിക്കില്‍ അപ്പോയിമെന്‍ന്‍റെുണ്ട് "
"നാശം എന്നോടെന്തിനാ ഇതൊക്കെ പറയുന്നത്" മനസ്സില്‍ പറഞ്ഞുകൊണ്ട് ഞാനെന്‍റെ വെളുക്കന്‍ ചിരിയെ പുറത്തുക്കാട്ടി
"ഞാന്‍ ഐ.ഐ.ടി യില്‍ സീനിയര്‍ സ്റ്റാഫായിരുന്നു"
ഞാനൊന്നു ഞെട്ടി എന്‍റെ വെളുക്കന്‍ ചിരിയില്‍ ഒരുതരം ഏങ്കോണിപ്പു പിടിപെട്ടു.
"ഇപ്പോള്‍ കൃഷിയൊക്കെ നോക്കി വീട്ടിലിരിക്കുന്നു "


"ഇന്‍ഫര്‍മേഷന്‍ ടെക്നോളോജിയില്‍ എന്തെങ്കിലും ആവണമെങ്കില്‍ ലാംഗ്വേജ് തറമായിരിക്കണം" എനിക്ക് ഇരിക്കണോ അതോ എഴുന്നേറ്റു പോകണോ എന്നായി .
അയാള്‍ അല്ല അദ്ദേഹം എന്‍റെ മുഖഭാവം ശ്രദ്ധിചെന്നു തോന്നുന്നു.
"അതെ അതെ " ഞാന്‍ ചുമ്മാ ചിരിച്ചുകൊണ്ട് തലകുലുക്കി.
"ഞാന്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ സ്റ്റേറ്റ് തലത്തില്‍ പേരെടുത്ത വോളിബോള്‍പ്ലയെര്‍ ആയിരുന്നു. അന്ന് ഞാന്‍ ഡിഗ്രിക്ക് ചേര്‍ന്നനാള്‍ അനാടോമിയും ഫിസിയോളോജിയും കൊണ്ട് കുറെ കഷ്ട്ടപ്പെടുന്ന സമയത്താണ് സ്പോര്‍ട്സ് ക്വാട്ടയില്‍ സി. ആര്‍. പി. ഫില്‍ ജോലികിട്ടുന്നത്... പൊയീ പ്രൊഫിഷ്ണറി കഴിഞ്ഞപ്പോള്‍ അവിടുന്ന് ചാടി ഞാന്‍ ഡിഗ്രി കംപ്ലീറ്റ്‌ ചെയ്തു.എന്‍റെ തല അപ്പോഴും ചലിച്ചുകൊണ്ടിരുന്നു
"ഹോ കഴിഞ്ഞു കാണുമോ എന്തോ?"
പിന്നെയും തുടങ്ങി, "അവിടെ നിന്നും ഞാന്‍ ജെര്‍മിനിയിലേക്ക് പോയി അവിടെ എന്‍റെ അങ്കിള്‍ ഉണ്ടായിരുന്നു ,ബട്ട്‌ എനിക്ക് ജര്‍മ്മന്‍ ഭാഷ അറിയില്ലായിരുന്നു. എന്നെ മെഡിക്കല്‍ ഇന്റര്‍വ്യൂ ചെയ്ത ഒരു പ്രൊഫസര്‍ അങ്കിളിനോട് ഇങ്ങനെ ചോദിച്ചു "...... ബ്ദ്വ്ഹുവേഹ്ഫു ഗിഉഇഗുഇഫ്ഹ്ബ ബിവ്യുഇയ്ഗ്ഫ്വ " (ഇവനാണോ ജെര്മിനിയില്‍ പഠിക്കാന്‍ വന്നത്)എന്നര്‍ത്ഥം അദ്ദേഹം എനിക്ക് വിശദീകരിച്ചു.പിന്നെ ധാരാളം ജെര്‍മിനി വേഡ്സ് അദ്ദേഹം എന്നെ കാതുകളെ അടച്ചിടാന്‍ വാ തുറന്നു പറഞ്ഞു. പിറകിലിരുന്ന എന്‍റെ സമപ്രായക്കാരന്‍ എന്നെയും അദ്ദേഹത്തെയും നോക്കുന്നുണ്ടായിരുന്നു. ഞാന്‍ ചുമ്മാ മൊബൈല്‍ കൈയിലെടുത്തു... ഭാഗ്യം ജയെട്ടന്‍റെ കാള്‍ എന്നെ ജര്‍മ്മന്‍ ഭാഷയില്‍ നിന്നും പിറകിലെ നോട്ടക്കാരനില്‍ നിന്നും ചെറിയ ബ്രെക്കിടിയിച്ചു .
കാള്‍ എനിക്ക് മാത്രമായി നില്‍ക്കില്ലലോ . പിന്നെയും അദ്ദേഹം തുടര്‍ന്നു.. ഈ തുടര്‍കഥയ്ക്ക് വിരാമമിടാന്‍ "സര്‍ സാറിന്‍റെ പേരെന്താ?"
"ആം ജോര്‍ജ് ,ജോര്‍ജ് ആന്‍റണി...ഈ ബസ്സ്‌ നിര്‍ത്തിയിടുന്നത് എന്‍റെ തോട്ടത്തിലാ "
"അതെയോ"
"ഞാന്‍ ജിതു ,ജിതുകൃഷ്ണ " ഞാനും വിട്ടില്ല
"താന്‍ ഹിന്ദുവാണല്ലേ"
"അതെ"
"ഗീതയില്‍ പറയുന്നുണ്ട്, മുന്നില്‍ ആരുണ്ടെകിലും അവര്‍ ആരാണെന്നു നോക്കരുത് അവരെ ജയിക്കുക"
ഞാന്‍ ദീര്‍ഘനിശ്വാസം വിട്ടു നിവര്‍ന്നിരുന്നു
"എന്‍റെ കൃഷ്ണാ നീയും ...."
വീണ്ടും തുടങ്ങുമെന്ന് കരുതിയപ്പോഴാണ് ചാറ്റല്‍ മഴ അദ്ദേഹത്തിന്‍റെ മുഖത്തേക്ക് താളം പിടിച്ചത്. ഷട്ടര്‍ വലിച്ചിട്ടു കൊണ്ട് പറഞ്ഞു എന്‍റെ മകന്‍ ജാക്സണ്‍ ഇപ്പോള്‍ യു. എസില്‍ എജിനീയരാണ് അവന്‍ റാങ്ക് ഹോള്‍ടരായിരുന്നു" വീണ്ടും എന്തൊക്കെയോ പറയാന്‍ തുടങ്ങുമ്പോഴേക്കും ബസ്‌ സ്റ്റാന്‍റെിലേക്ക് വലിഞ്ഞു കയറി...
"ഹോ.... ദൈവമേ"
ഞാന്‍ ബൈ പറഞ്ഞിറങ്ങുമ്പോള്‍ പിറകിലിരുന്നവന്‍ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു..
അദ്ദേഹം എന്നെനോക്കി "ബൈ ഗോഡ് ബ്ലെസ് യു .." പറഞ്ഞുകൊണ്ടദ്ദേഹം ബസില്‍ നിന്നും ധ്രിതി പിടിച്ചിറങ്ങി ആള്‍ക്കൂട്ടത്തിലേക്കു നടന്നകന്നു. അപ്പോഴേക്കും മഴ ശാന്തമായി ചിണുങ്ങിക്കരയുന്നുണ്ടായിരുന്നു. ഞാനും ആള്‍ക്കൂട്ടത്തിലേക്ക് വഴിതിരിച്ചു, ഒരു വലിയ സ്വപ്നം കണ്ടെന്നപോലെ.......

Thursday, August 5, 2010

ഈണം നല്‍കാന്‍.....

നിശാപുഷ്പ്പമേ നിഴൽ‍‍വീണുവോ
നിളാനദി ഒഴുകും പാട്ടുമായി ....
സിന്ദൂര സന്ധ്യ മാഞ്ഞുമയങ്ങി….
വിട പറഞ്ഞകലുന്ന മഴയില്‍.
വിട പറഞ്ഞകലുന്ന മഴയില്‍....
[നിശാപുഷ്പ്പമേ....

സ്വപ്നങ്ങളെന്നുമെന്‍ വിരലലയും വീണയില്‍....
വിരഹ സ്വരങ്ങളായലയുമ്പോള്‍ ..........
കാലങ്ങളായി താളമോടൊഴുകും
പുഴയെനിക്കു കൂട്ടുകാരീ...
വിരലോവിരല്‍ തൊട്ടുണരുന്ന തംബുരുവോ
പ്രേമ തന്ത്രികള്‍ മൂളും കാറ്റോ ..
രാത്രി തന്‍ താരാട്ടുപ്പാട്ടോ …..
രാത്രി തന്‍ താരാട്ടുപ്പാട്ടോ …..
ആരാകുമെന്‍റെ ആടിത്തളരുന്ന
ജീവിതത്തിന്‍ കൂട്ടുക്കാരി ….
[നിശാപുഷ്പ്പമേ….
കൈത്താളുകളില്‍ വിടരും ലാസ്യം
വിറയാര്‍ന്ന ചുണ്ടിലുറങ്ങുമ്പോള്‍…..
മണിമഞ്ഞു പെയ്യും സ്വപ്നങ്ങളോ ….
മയില്‍പ്പീലി വിടര്‍ത്തും ഓര്‍മ്മകളോ നീരാടും .
കമലകളഹംസ പൊയ്കയില്‍
പ്രണയിനി ഞാനിന്നുമേകനല്ലോ…..
പത്മങ്ങളില്ലാത്ത ......
ഹംസങ്ങളില്ലാത്ത പൊയ്കയില്‍
നാണമോടുലയുന്ന ഓളങ്ങളും ഞാനും ….
[നിശാപുഷ്പ്പമേ ……








Thursday, July 29, 2010

വെളുത്ത മുടിനാരുകള്‍






അകലെ ആകാശങ്ങള്‍ക്കപ്പുറത്തു നിന്ന് വരുന്ന നിഴൽസഞ്ചാരികളെ, അച്ഛമ്മ എന്‍റെ കഥാക്കൂമ്പാരങ്ങളില്‍ നിറയ്ക്കുമ്പോൾ കേട്ടിരുന്ന ചെവികളെ വിറക്കൊള്ളിച്ചിരുന്നു. അപ്പും,ചീരും പിന്നെ ആട്ടക്കാരി ശാരദേടെ മോ൯ കൊച്ചാപ്പും പേടിക്കണത് കാണുമ്പോൾഅറിയാതെ ഞാനും ഞെട്ടിപോയിട്ടുണ്ട്. വിശാലമായി പടര്‍ന്നു വെളുത്ത തലമുടിയില്തൊടുമ്പോള്അച്ഛമ്മ പതിയെ പറയും "മണിയേ , എന്തിനാ എന്‍റെ മോളൂട്ടീ മുടി പിടിക്കണേ .. അമ്മ കണ്ടാല്‍ .???!!.. അന്നും അച്ഛമ്മയ്ക്ക് എന്‍റെ അമ്മയെ പേടിയായിരുന്നു.



നീണ്ടു വിടര്‍ന്ന കണ്ണുകൾഅപ്പോഴും ഭംഗിയോടെയായിരുന്നു. എന്‍റെ അമ്മയേക്കാൾ സുന്ദരിയായിരുന്നച്ചമ്മ.. പറങ്കിമാങ്ങാ പെറുക്കിയെടുത് ഉപ്പിട്ടുതന്നതിനമ്മ അച്ഛമ്മയെ അച്ഛന്‍ വരുവോളം പറഞ്ഞതെനിക്കിപ്പോഴും കേള്‍ക്കാം . അപ്പും ചീരും എപ്പോഴും അച്ചമ്മേടെ കൂടെ ഉണ്ടാകും . പക്ഷെ ആട്ടക്കാരി ശാരദേടെ മോനെ അച്ചമ്മ്ക്കിഷ്ട്ടീല്ല .. കൊച്ചാപ്പു അച്ചമ്മേടെ വെറ്റിലചെല്ലത്തില്കിടന്ന ചോപ്പന്‍ചുണ്ണാമ്പ് കക്കണത് അമ്മ കണ്ടതാണത്രെ, അത് പിന്നെ അച്ഛനോടും ആട്ടക്കാരി ശാരദയോടും പറഞ്ഞു ബഹളത്തോടു ബഹളമായി .. അപ്പോഴും അച്ഛമ്മ കൊച്ചാപ്പുനെ ഒന്നും പറഞ്ഞിട്ടില്ല.



അച്ചമ്മേടെ കൈയിലെ തടിയ൯മോതിരം എന്‍റെ കൈവെള്ളയില്വച്ചപ്പോൾ കരയണത് ഞാ൯കണ്ടതാ !?. "എന്തിനാ അച്ഛമ്മ കരയണതു,?" "ഒന്നൂല്ല മോളൂട്യെ ". .. അതെനിക്കിപ്പോയും അറിയില്ല എന്തിനായിരിക്കും അച്ഛമ്മ കരഞ്ഞിട്ടുണ്ടാവുക ??..


കര്‍ക്കിടകത്തിലെ അറഞ്ചന്‍ മഴയ്ക്ക് ചൂട് ചുക്കുകാപ്പി കുടിക്കുമ്പോഴും അച്ഛമ്മ കരഞ്ഞിരുന്നു, ആരും കാണാതെ കണ്ണ് തുടക്കണത് ഞാ൯ മാത്രമേ കണ്ടിട്ടുണ്ടാവുകായുള്ളൂ. വെളുത്ത അച്ചമ്മേടെ നെറ്റിയില്ചന്ദനക്കുറി ഇടാ൯ചീരു എപ്പോഴും കലമ്പു കൂടും, മേലെത്തെ കുഞ്ഞിക്കണ്ണന്‍റെ കെട്ടിയോളെ അച്ഛമ്മ വിളിക്കണതു കിക്കിണിപ്പാറൂന്നാ... നല്ല രസാ വിളി കേള്ക്കാനെന്ന്പാര്‍വതിയേട്ടത്തി എപ്പോഴും പറയും അവര്‍ക്കെ‍ന്‍റെ അമ്മേടെ സ്വഭാവം തീരെ ഇഷ്ട്ടമാല്ലന്നച്ചമ്മ എന്നോട് മാത്രം പറയുമായിരുന്നു ..



കിഴക്കിലെ സൂര്യ൯ഉണരുമ്പോഴേക്കും അച്ചമ്മേടെ കുളിയും തേവാരവും കഴിഞ്ഞിട്ടുണ്ടാവും .പിന്നെ പൂജാമുറിയില്കയറി കൊറേ സമയത്തേക്ക് രാമായണം വായനയാണ്.



അച്ഛന് ട്രാന്‍സ്ഫര്‍ കിട്ടിയപ്പോ ഏറെ സന്തോഷിച്ചതമ്മയാണ്. വലിയ വീടും, നീളന്‍ പറമ്പും, പിന്നെയെന്‍റെ അച്ഛമ്മയേയും വിട്ടു വരുമ്പോള്‍ചീരും അപ്പും കിക്കിണിപ്പാറും ദു։ഖത്തോടെ യാത്ര പറയാന്‍പടിഞ്ഞാറന്‍ ‍ ‍ ‍കൊമ്പന്മാവ് വരെ വന്നിരുന്നു .. കരയുന്ന കണ്ണുകള്അപ്പോഴും നനവാര്‍ന്നിരുന്നു വെളുത്തു നീണ്ട തലമുടി അപ്പോഴും എന്‍റെ കൈകള്‍ക്ക് വേണ്ടിയാണോ ഉയര്‍ന്നു പൊങ്ങി എന്നെ നോക്കിയിരുന്നത്?....



നീളന്‍ തീവണ്ടികള്‍ കുതിച്ചോടുമ്പോള്‍ അമ്മയും അച്ഛനും നിദ്രയുടെ ചുരുളന്‍മടയിലേക്ക് വീണിരുന്നു .



ചീരു ഇപ്പോള്‍ അച്ചമ്മേടെ ചൂടന്‍ കമ്പിളിയില്‍ കിടന്നുറങ്ങുകയായിരിക്കാം. വിശാലമായ യാത്രക്കൊടുവില്‍ വണ്ടിയിറങ്ങുമ്പോള്‍ മേഘങ്ങള്‍ കരയാന്‍ വിതുമ്പി നില്‍ക്കുകയായിരുന്നു .



ഓടിക്കയറുന്ന ജീവിതങ്ങള്‍ ,തളര്‍ന്നു വീഴുന്ന സമയക്കോലങ്ങള്‍, അടര്‍ത്തിമാറ്റുന്ന പ്രായഭേദങ്ങള്‍... കളിചിരിയുടെ അന്ത്യനാളുകളില്‍ പെറുക്കിക്കളയുന്ന കടലാസ്സുകൂട്ടത്തില്‍ കണ്ട പഴയ ഫോട്ടോകളില്‍ ചിരിച്ചു നില്‍ക്കുന്ന അച്ചമ്മേടെ മുഖം എന്‍റെ വളര്‍ന്ന മനസ്സില്‍ കയറിയപ്പോള്‍ വളരെ അന്നുവരെ തോന്നാത്ത ഒരുതരം വിമ്മിഷ്ട്ടം. അച്ഛനും അമ്മയും എത്രെയോ തവണ പോയിരിക്കുന്നു അച്ചമ്മേക്കാണാന്‍ , അപ്പോഴൊന്നും എന്നെ കൊണ്ടുപോയില്ല .എക്സാം ,ടൂഷന്‍ ,റിസള്‍ട്ട് എന്നെ സവിതാന്റീടെ വീട്ടില്‍ പിടിച്ചിട്ടു പോകുന്ന പോക്ക് രണ്ടോ മൂന്നോ ദിവസംകൊണ്ട് തിരികെ വരും .



അച്ഛന്റെ ഓഫീസ് ടൈം കഴിഞ്ഞു വന്നപ്പോഴാണ് ഫോണ്‍ബെല്‍ ‍നിറുത്താതെ അടിച്ചത് ‌ഓടി എടുത്തത്‌ ഞാനായിരുന്നു "ഹലോ ...."



"ഹലോ .... കൃഷ്ണചന്ദ്രന്‍റെ വീടല്ലേ? ഞാന്‍ മേലെത്തെ കുഞ്ഞിക്കണ്ണനാ..." അച്ഛാ ഇതാ ഫോണ്‍ . റിസീവര്‍ അച്ഛന്‍റെ കൈയില്‍ കൊടുത്തു നീങ്ങുമ്പോള്‍ അമ്മ ഫോണിനരികിലേക്ക് നീങ്ങിയപ്പോഴാണ് എനിക്ക് ആളെ പിടിക്കിട്ടിയത്‌, കിക്കിണിപ്പാറൂന്‍റെ ഭര്‍ത്താവ് കുഞ്ഞിക്കണ്ണന്‍ .



പിന്നെ എന്തൊക്കെ നടന്നെന്നെനിക്കൊര്‍മ്മയില്ല !



കുതിച്ചോടിയ യാത്രക്കൊടുവില്‍ ചെന്ന് നിന്നത് ആശുപത്രിടെ നിറഞ്ഞ ആള്‍ത്തിരക്കില്‍.



"എന്താ പറ്റിയെ താമസിക്കാന്‍?" "അതുപിന്നെ ......." അമ്മയുടെ വ്യാക്യാനങ്ങള്‍ക്കൊടുവില്‍ തിരിഞ്ഞു നടന്ന കിക്കിണിപ്പാറുനെ നോക്കിനിന്നുപോയി, മെലിഞ്ഞു കറുത്തുപോയ കിക്കിണിപ്പാറു നടന്നപ്പോള്‍ മാത്രമാണെനിക്കവരെ മനസ്സിലായത്.



അച്ഛമ്മയെ ഐ .സി .യു വില്‍ കയറിക്കാണുമ്പോള്‍ ഓക്സിജന്‍മാസ്ക്കില്‍ നീര് വന്നുവീര്‍ത്ത മുഖം മാത്രമേ കണ്ടുള്ളൂ...???



കരഞ്ഞിറങ്ങിയ എന്നെ ആരോ വന്നു ആശ്വസിപ്പിക്കുമ്പോള്‍ അമ്മ അകലെയുള്ള ജനല്‍കമ്പിയില്‍ തലചാരി നില്‍ക്കുകയായിരുന്നു.



ജീവനില്ലാത്ത മനസുമായി കരഞ്ഞു കലങ്ങിയ കണ്ണുമായി ചെന്ന് നീങ്ങിയത് എന്‍റെ പഴയ ആ കൊമ്പന്മാവിന്‍റെ മുറിച്ചിട്ട ശിഖരങ്ങള്‍ക്കടുത്ത്.



പൊട്ടികരച്ചില്‍ കേള്‍ക്കാത്ത മരണവീട്ടില്‍ ഏങ്ങലടിക്കുന്ന ചുവരുകളും വിതുമ്പിക്കരയുന്ന കല്പടവുകളും മാത്രം. വെള്ളയില്‍ പൊതിഞ്ഞ അച്ഛമ്മയെ കോടിമൂടുമ്പോൾ ചിതരിക്കളിക്കുന്ന വെളുത്ത മുടിനാരുകള്‍ എന്നെ ഒളിച്ചുനോക്കിയിരുന്നു .



എന്‍റെ കൈയികളെ അവ വീണ്ടും മാടി വിളിക്കയാണ് .....



തെക്കുവശത്തെ ജാതിമരത്തിനടുത്തു ദഹിച്ചു തീരുമ്പോള്‍ ആ മുടിയിഴകള്‍ എന്‍റെ കൈകള്‍ക്കായി കൊതിച്ചിട്ടുണ്ടാവം.



കൈയിലെ തടിച്ച മോതിരം പിന്നെ കണ്ടതേയില്ല....



അച്ചമ്മേടെ മുറിക്കുള്ളില്‍ അപ്പോഴും ചീരും കരഞ്ഞുകൊണ്ടേയിരുന്നു...





Monday, July 26, 2010

കനല്‍ തെളിയാത്ത അടുപ്പുകള്‍

വിരൂപത കാണാത്ത രാവെനിക്കിഷ്ടമാണ്,
നീളന്‍ കരിമ്പടത്തില്‍ കിടന്നുറങ്ങുന്ന സ്വപ്‌നങ്ങള്‍
എനിക്ക് ചുറ്റിലും ഭീകരതയുടെ കണ്ണുകള്‍ തുറക്കുന്നു.
വയ്യ എനിക്കിനി നിന്നെ കാണുവാന്‍ വയ്യ?!....
താരങ്ങള്‍ കണ്ണ് തുറക്കാത്ത വാനം ഉണരുമ്പോള്‍
ഞാനീ ഭൂവിന്‍റെ ഇരുട്ടറകളില്‍ നിദ്രയുടെ കമ്പളത്തില്‍ അലിഞ്ഞു ചേരും.
ഇനിയും കാണാത്ത ലോകത്തിലേക്ക്‌ എന്‍റെ യാത്ര......
വികാരമില്ലാത്ത, സ്വപ്നങ്ങളില്ലാത്ത,ചിരികളില്ലാത്ത,നിറങ്ങളില്ലാത്ത
ഏതോ ലോകത്തിലേക്ക്‌ എന്‍റെ യാത്ര .....
നിശ്വാസത്തിന്റെ വിയര്‍പ്പു പറ്റിയ പൊട്ടിയ കണ്ണാടി
എന്‍റെ ഇരുണ്ട നാല് ചുവരുകള്‍ക്കുള്ളില്‍ തനിച്ചു മയങ്ങുകയായിരിക്കാം...
ഒരിക്കലും പൂവിടാത്ത പനിനീര്‍ ചെടി ശലഭങ്ങളെ തേടുകയായിരിക്കാം...
കണ്ണ് ചിമ്മിമയങ്ങുന്ന മൂട്ടവിളക്ക് ചരല്‍ വീണ വഴിയിലേക്ക് കണ്ണ് തുറക്കുകയായിരിക്കാം..
തുരുമ്പ് പറ്റിയ താക്കോല്‍ കൂട്ടങ്ങള്‍ വീണ്ടുമെന്റെ നേര്‍ക്ക്‌
അനന്തതയുടെ താക്കോല്‍ പഴുതുകള്‍ നീട്ടുന്നു......
നിറമില്ലാത്ത നിലാവേ,
സ്വരമില്ലാത്ത കുഴല്‍ പാടുന്നു, വീണ്ടുമെന്റെ കറപറ്റിയ ജീവിതങ്ങളെ ...
ഞാനെന്‍റെ സ്വപ്നങ്ങളെ അകറ്റുന്നു അകലങ്ങളിലേക്ക്..
കനല്‍ തെളിയാത്ത അടുപ്പുകള്‍ കരയുന്നെന്റെ,
അലയുന്ന ജീവിതം കണ്ടിട്ടെന്നപോലെ..
ഞാനുമിന്നീ കനല്‍ തെളിയാത്ത അടുപ്പല്ലയോ?
വികാരമില്ലാത്ത, സ്വപ്നങ്ങളില്ലാത്ത,ചിരികളില്ലാത്ത,നിറങ്ങളില്ലാത്ത
ലോകത്തില്‍ കരയുന്ന കനല്‍ തെളിയാത്ത അടുപ്പ്....

[വി.കെ.പി മംഗര]